TREND KERALA
(Online malayalam news portal)
03/01/2017
പാലക്കാട്: പകല്‍ ബസ് കയറാനെത്തുന്നവര്‍ക്ക് പൊരിവെയിലില്‍ നട്ടംതിരിയാം. കയറിനില്‍ക്കാന്‍ പാകത്തിന് കാത്തിരിപ്പുകേന്ദ്രവും ഇരിപ്പിടസൗകര്യങ്ങളുമില്ല. ഇത് ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്. അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലിലെ പരിമിതമായ ഇരിപ്പിടസൗകര്യങ്ങള്‍ ഒഴിച്ചാല്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പലതും കെ.എസ്.ആര്‍.ടി.സി.യില്‍ അന്യമാണ്. ഉച്ചനേരത്ത് സ്റ്റാന്‍ഡിലെത്തുന്ന പല യാത്രക്കാരും കോയമ്പത്തൂര്‍ ബസ്സിനായി വരിനില്‍ക്കുന്നിടത്താണ് ബസ് കാത്തിരിക്കുന്നത്. അല്ലാത്തവരാകട്ടെ, സമീപത്തെ മരച്ചുവട്ടിലും.
മറ്റൊരു കൂട്ടം യാത്രക്കാര്‍ക്ക് ആശ്വാസം താത്കാലികമായി കെട്ടിയിരിക്കുന്ന ഷെഡ്ഡാണ്. നിര്‍ത്തിയിടുന്ന ബസ്സിന് സമീപമുള്ള തണലത്തും ബാക്കിയുള്ളവര്‍ വെയിലത്തുമാണ് നില്‍ക്കുന്നത്. തണലത്തേക്ക് മാറിനില്‍ക്കണമെന്ന് വിചാരിച്ചാലും തണലില്ല. പൊരിവെയിലത്ത് നില്‍ക്കുന്നവര്‍ക്ക് വെള്ളം കുടിക്കണമെങ്കിലും ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തെത്തണം. ഇല്ലെങ്കില്‍ റോഡിന്റെ മറുവശത്തെ കടയിലേക്ക് പോകണം. ദീര്‍ഘദൂരബസ്സുകളില്‍ വരുന്ന യാത്രക്കാര്‍ക്കും ബസ് നിര്‍ത്തിയിടുന്ന ചുരുങ്ങിയ നേരംകൊണ്ട് ഒരു കുപ്പി വെള്ളത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്.
ബസ് സ്റ്റാന്‍ഡ് പുതുക്കിപ്പണിയാനായി പൊളിച്ചതിനുശേഷം മഴയായാലും വെയിലായാലും യാത്രക്കാര്‍ക്ക് ദുരിതം തന്നെയാണ്. ജില്ലാ ഡിപ്പോ വിവിധോദ്ദേശ്യ വ്യാപാരസമുച്ചയമായി പണിയുന്നതിനായി പൊളിച്ചിട്ട് കാലങ്ങളായെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. സമീപകാലത്താണ് സ്റ്റാന്‍ഡിലെ കുഴികള്‍ നികത്തുകയും സ്ഥലം നികത്തി നിരപ്പാക്കുകയും ചെയ്തത്.
കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് പുനര്‍നിര്‍മാണനടപടികള്‍ തുടങ്ങിയെങ്കിലും യാത്രക്കാര്‍ക്ക് താത്കാലികമായി സൗകര്യങ്ങളൊരുക്കാന്‍ ഇപ്പോഴും അധികൃതര്‍ക്കായിട്ടില്ല.എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് വകയിരുത്തിയ തുകയടക്കം ആറ് കോടിയോളം ചെലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിക്കുന്നത്.
